2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

ഭാരതത്തിന്റെ രാഷ്ട്രപിതാവ്‌–മഹാത്മാഗാന്ധി-1869 ഒക്ടോബർ 2 – 1948 ജനുവരി 3



ഇന്ന് ഗാന്ധിജയന്തി...ഈ ദിവസം ഗാന്ധിജിയെ കുറിച്ച്‌ എന്തേലും എഴുതണം എന്ന്
ഈ പാവം പ്രവാസിക്കും തോന്നി...സ്വന്തമായ് കഴിവ് കുറവായതിനാല്‍ കൂടുതലും
വിക്കിപീഡിയ ആശ്രയിക്കേണ്ടിവന്നു..അപ്പോല്‍ തെറ്റും ഉണ്ടാകില്ലല്ലോ..?എല്ലാവര്‍ക്കും
മഹാത്മാവായ രാഷ്ട്രപിതാവിന്റെ ജന്മദിനാശംസകള്‍..


മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി-1869 ഒക്ടോബർ 2 – 1948 ജനുവരി 30

 ഭാരതത്തിന്റെ രാഷ്ട്രപിതാവ്‌–മഹാത്മാഗാന്ധി

അപരനാമം:ബാപ്പുജി ജനനം:1869 ഒക്ടോബർ 2 ജനന സ്ഥലം:പോർബന്തർ, ഗുജറാത്ത്‌, ഇന്ത്യ മരണം:1948 ജനുവരി 30 മരണ സ്ഥലം:ന്യൂ ഡൽഹി മുന്നണി:ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം സംഘടന:ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌
മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്‌. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ ദാർശികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്.ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാൻ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു.ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്,സ്റ്റീവ് ബികോ, നെൽ‌സൺ മണ്ടേല, ഓങ് സാൻ സൂ കി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം ലോക അഹിംസാ ദിനമായും പ്രഖ്യാപിചിട്ടുണ്ട്

ബാല്യം
 കരംചന്ദ്‌ ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന്‌ ഗുജറാത്തിലെ പോർബന്ദറിൽജനിച്ചു. ഒരു സഹോദരിയും(റലിയത്ത് ബഹൻ‍) അദ്ദേഹത്തിനുണ്ടായിരുന്നു. വൈശ്യകുലത്തിലെ ബനിയ ജാതിക്കാരായ ആ കുടുംബംവൈഷ്ണവവിശ്വാസികളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കരംചന്ദ് വാങ്കനഗറിലും രാജ്‌കോട്ടിലേയും പ്രധാനമന്ത്രിയായിരുന്നു. കരംചന്ദ് നാലു വിവാഹങ്ങൾ ചെയ്തിരുന്നു അവസാനത്തെ ഭാര്യയായിരുന്നു പുത്‍ലിബായി. മുത്തച്ഛൻ പോർബന്ദറിൽ ദിവാൻ ആയിരുന്നു. അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു. അദ്ദേഹത്തിന് മതകാര്യങ്ങളിൽ ഒന്നും അത്ര പിടിപാടുണ്ടായിരുന്നില്ല. അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു. അമ്മ അന്നത്തെ രാജാവായിരുന്ന ഠാക്കൂറിന്റെ വിധവയായ അമ്മയുമായി നല്ല ബന്ധത്തിലായിരുന്നു. 
മോഹൻ‍ദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്‌കോട്ടിൽ ജോലി സ്വീകരിച്ചു. അതിനാൽ മോഹൻ‍ദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പതിമൂന്നാമത്തെ വയസ്സിൽ (1881) പോർബന്ദറിലെ വ്യാപാരിയായാ ഗോകുൽദാസ് മകാൻ‍ജിയുടെ മകൾ കസ്തൂർബയെ വിവാഹം കഴിച്ചു. നിര‍ക്ഷരയായ കസ്തൂർ‍ബായെ മോഹൻ‍ദാസ് പഠിപ്പിച്ചു. വിവാഹത്തിനുശേഷവും തന്റെ വിദ്യാഭ്യാസം അദ്ദേഹം തുടർന്നു. ചെറുപ്പകലത്ത് അത്രയൊന്നും മിടുക്കനായ വിദ്യാർത്ഥിയായിരുന്നില്ല മോഹൻ‍ദാസ്. മെട്രിക്കുലേഷൻവളരെ കഷ്ടപ്പെട്ടാണ് വിജയിച്ചത്. ബാരിസ്റ്റർ ആവാനായി കുടുംബാംഗങ്ങൾ നിർബന്ധിച്ചതിനാലാണ് വിദ്യാഭ്യാസം തുടർന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 
അദ്ദേഹത്തിന്റെ അച്ഛൻ 1885-ൽ അന്തരിച്ചു. 1887-ലായിരുന്നു‍ മോഹൻ‍ദാസ് മെട്രിക്കുലേഷൻ പൂർത്തിയാക്കിയത്. പിന്നീട് ഭവനഗറിലെ സമൽദാസ് കോളേജിൽ പഠന്നം തുടർന്നു. ജ്യേഷ്ഠന്റെ നിർബന്ധത്തിനു വഴങ്ങി 1888 സെപ്റ്റംബർ മാസത്തിൽ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി.

ഇംഗ്ലണ്ടിൽ
ഇംഗ്ലണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം 1890-ൽ
അദ്ദേഹം ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു, രാംദാസ് ഗാന്ധി. ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം നിയമം പഠിച്ചത്. ലണ്ടനിലേക്ക് കപ്പൽ കയറുമ്പോൾ മദ്യവും മാസവും കഴിക്കില്ലെന്ന് അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു. ആ വാക്കു പാലിച്ച് പൂർണ്ണ സസ്യഭുക്കായിത്തന്നെ ലണ്ടനിൽ കഴിച്ചുകൂട്ടി. ഇക്കാര്യത്തിൽ അമ്മയോടുള്ള വാക്കു പാലിച്ചതിനുപുറമേ സസ്യാഹാരത്തെപ്പറ്റി പഠിക്കുകയും അതിന്റെ ഗുണത്തെക്കുറിച്ച് അറിവ് നേടുകയും വെജിറ്റേറിയൻ ക്ലബ്ബിൽ ചേർന്ന് അതിന്റെ നിർവ്വാഹക സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് അദ്ദേഹം ഈ ക്ലബ്ബിന്റെ ഒരു ചെറിയ വിഭാഗം പ്രാദേശികമായി തുടങ്ങി.
ഇത് അദ്ദേഹത്തെ പൊതുപ്രവർത്തനത്തിൽ പരിശീലനം നേടാൻ സഹായിച്ചു. ഈ ക്ലബ്ബിൽ വച്ച് അദ്ദേഹം പരിചയപ്പെട്ട ചില സസ്യഭുക്കുകൾ അക്കാലത്ത് തിയോസൊഫികൽ സമൂഹം എന്ന സാർവ്വത്രിക സാഹോദര്യം കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിച്ചിരുന്ന ഒരു രാജ്യാന്തര സമൂഹത്തിന്റെ പ്രവർത്തകരായിരുന്നു. അവരിലുടെ ഗാന്ധി ഹിന്ദുത്വം, ബുദ്ധമതം, ബ്രാഹ്മണ സാഹിത്യം തുടങ്ങിയവ പഠിക്കാൻ ഇടയായി. ഇംഗ്ലണ്ടിൽ വച്ചാണ് അദ്ദേഹം ആദ്യമായി ഭഗവദ് ഗീത വായിക്കുന്നത്. ഗാന്ധിയുടെ ആത്മീയ ജിവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഒരു ഗ്രന്ഥമായിരുന്നു അത്. അന്നുവരെ മതകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയൊന്നുമില്ലാതിരുന്ന മോഹൻദാസ്ബൈബിൾ, ഖുർആൻ തുടങ്ങിയ മതഗ്രന്ഥങ്ങളും പഠിച്ചു.
ലണ്ടൻ മട്രിക്കുലേഷൻ പരീഷ എഴുതിയെങ്കിലും ആദ്യം ലത്തീനിൽ പരാജയപ്പെട്ടു. എങ്കിലും വീണ്ടും എഴുതി അതിൽ വിജയം കൈവരിച്ചു. 1891-ൽ നിയമപഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി. അമ്മയുടെ മരണവാർത്തയാണ് അദ്ദേഹത്തെ ഇന്ത്യയിൽ എതിരേറ്റത്. ഇന്ത്യയിൽ എത്തിയ ശേഷം മുംബയിലെ കോടതിയിൽ അഭിഭാഷക വൃത്തി ആരംഭിച്ചുവെങ്കിലും ആദ്യത്തെ വ്യവഹാരത്തിൽത്തന്നെ ശരീരം വിറച്ച് ഒരക്ഷരം മിണ്ടാൻ പറ്റാതെ ജോലി അവസാനിപ്പിച്ച് മടങ്ങി. പിന്നീട് അദ്ദേഹം മറ്റുള്ളവർക്കായി പരാതി എഴുതിക്കൊടുക്കുന്ന ജോലി നോക്കിയെങ്കിലും ഇത് മൂത്ത ജ്യേഷ്ഠന് ഇഷ്ടപ്പെട്ടില്ല. ജേഷ്ഠന്റെ നിർബന്ധഫലമായി അദ്ദേഹം സേട്ട് അബ്ദുള്ള എന്ന ദക്ഷിണാഫ്രിക്കൻ വ്യാപരിയുടെ ദാദാ അബ്ദുള്ള & കോ എന്ന ദക്ഷീണാഫ്രിക്കൻ കമ്പനിയുടെ വ്യവഹാരങ്ങൾ വാദിക്കുന്ന വക്കീലിന്റെ ജോലി ഏറ്റെടുത്തു. കേസ് വാദിക്കുവാനായി കമ്പനി നിരവധി വക്കീലന്മാരെ ഏർപ്പാടാക്കിയിരുന്നു, അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു മോഹൻ‍ദാസിന്റെ ജോലി.

ദക്ഷിണാഫ്രിക്കയിൽ


നതാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപന സമയത്ത് അംഗങ്ങൾക്കൊപ്പം 1895-ൽ
1893-ൽ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ നാറ്റാളിൽ എത്തി. എന്നാൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അദ്ദേഹത്തിന്റെ മനസ്സിനെ പുതിയൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. തീവണ്ടിയിൽ ഉയർന്ന ശ്രേണികളിലെ കൂപ്പകളിൽ ഇന്ത്യക്കാരേയോ കറുത്ത വർഗ്ഗക്കാരെയോ കയറാൻ അനുവദിച്ചിരുന്നില്ല. വെള്ളം കുടിക്കാനുള്ള പൊതു ടാപ്പുകളിൽ നിന്ന് വെള്ളം കുടിച്ചാൽ പോലും ഇത്തരക്കാർക്ക് കടുത്ത ശിക്ഷയായിരുന്നു നൽകപ്പെട്ടിരുന്നത്.


ബോയർ യുദ്ധത്തിനിടക്ക്1899-1900
ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ-ക്ലാസ് കൂപ്പയിൽ യാത്രചെയ്തതിന് ഗാന്ധിയെ മർദ്ദിക്കുകയും വഴിയിൽ പീറ്റർമാരീറ്റ്സ്ബർഗിൽ ഇറക്കി വിടുകയും ചെയ്തു. തുടർന്ന താഴ്ന്ന ക്ലാസിൽ യാത്ര തുടർന്ന അദ്ദേഹത്തെ തീവണ്ടിയുടെ ഗാർഡ് ഒരു വെള്ളക്കാരന് സ്ഥലം കൊടുക്കാഞ്ഞതിന് തല്ലി. ഈ സംഭവത്തിനുശേഷം ഗാന്ധി, ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്ടീസിനും മറ്റുള്ള സമയം ഇത്തരം പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചു.
പ്രിട്ടോറിയയിലെ തയ്യബ് ഹാജി ഖാൻ മുഹമ്മദ് എന്ന ഇന്ത്യാക്കാരനായ വ്യാപാരിയുടെ സഹകരണത്തോടെ അവിടത്തെ ഇന്ത്യാക്കരുടെ ഒരു യോഗം വിളിച്ചു കൂട്ടി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാർ അനുഭവിക്കുന്ന കഷ്ടതകൾക്കെതിരെ അദ്ദേഹം സംസാരിച്ചു. ഇംഗ്ലണ്ടിൽ പോലും ഇത്തരം അനാചാരങ്ങൾ ഇല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗാന്ധിയുടെ ആദ്യത്തെ പൊതുപ്രസംഗം അതായിരുന്നു. ഇന്ത്യാക്കാരുടെ വിദ്യാഭ്യാസമില്ലായ്മയും ശുചിത്വക്കുറവുമാണ് ഇതിനു കാരണം എന്നു വിശ്വസിച്ച്, അവ പരിഹരിക്കാനുള്ള നടപടികൾ അദ്ദേഹം ആസൂത്രണം ചെയ്തു. തീവണ്ടികളിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ പ്രവേശനം കിട്ടാനായി റെയിവേ അധികൃതരുമായി ഗാന്ധി കത്തിടപാടുകൾ നടത്തി. ഇന്ത്യാക്കാരുടെ സാമ്പത്തിക സാമൂഹിക നിലകളെക്കുറിച്ച് അദ്ദേഹം പഠിക്കാൻ ആരംഭിച്ചു. മതപരവും ആദ്ധ്യാത്മികവുമായ വളരെ ഗ്രന്ഥങ്ങൾ അദ്ദേഹം ഇക്കാലത്ത് പഠിച്ചു. അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലെക്ക് ഇറങ്ങി. ഇതിന്റെ ഭാഗമായി, സുഹൃത്തുക്കളുമൊത്ത് നറ്റാൾ ഇന്ത്യൻ കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ആരംഭിച്ചു. ഇത് ഇന്ത്യാക്കാരുടെ അവകാശ ബോധത്തൽ മാറ്റം ഉണ്ടാക്കി. നറ്റാളിലെ കരാർ തൊഴിലാളികളുടെ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടു. താമസിയാതെ ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം ‘ഗാന്ധിജി’ എന്ന് അറിയപ്പെടാൻ തുടങ്ങി. [2] 1896-ൽ അദ്ദേഹം ഭാര്യയേയും കുട്ടികളേയും കൊണ്ടുവരാനായി നാട്ടിലേക്ക് ഹ്രസ്വസന്ദർശനം നടത്തി. രാജ്‌കോട്ടിലെത്തിയ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ നില വിവരിച്ചുകൊണ്ട് ലഘുലേഖകളും പത്രപ്രസ്താവകളും ഇറക്കുകയും ജസ്റ്റീസ് റാനഡേ, ജസ്റ്റീസ് ബദറുദ്ദീൻ തയ്ബാജി, സർ ഫിറോസ് ഷാ മേത്ത എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. ഇതിനിടക്ക് മുംബൈയിൽ പ്ലേഗ് പടർന്നപ്പോൾ ശുചീകരണപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. പൂനെയിൽ ‘ലോകമാന്യ‘ ബാലഗംഗാധര തിലൿ, ഗോപാലകൃഷ്ണ ഗോഖലെ എന്നിവരെ സന്ദർശിച്ചു.

 ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്റെ ഒരു പതിപ്പ്
1896-ൽ ഡർബനിലെ പാർലമെന്റ്, വോട്ടവകാശം കറുത്ത വർഗ്ഗക്കാർക്കും ഇന്ത്യാക്കാർക്കും വിലക്കിക്കൊണ്ട് നിയമം കൊണ്ടുവരാൻ തീരുമാനിച്ചപ്പോൾ ഇതിനെതിരായി പോരാടാൻ അവിടത്തുകാർ ഗാന്ധിയോട് അഭ്യർത്ഥിച്ചിരുന്നു. പാർലമെൻറ് അടച്ചതിനാൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്തതിനാലാണ് അദ്ദേഹം നാട്ടിലേക്ക് വന്നത്. എന്നാൽ പാർലമെൻറ് ജനുവരിയിൽ തുടങ്ങുമെന്നും അടിയന്തരമായി തിരിച്ചു വരണമെന്നുമുള്ള സന്ദേശം അദ്ദേഹത്തിന് ലഭിച്ചപ്പോൾ, രണ്ടു മക്കൾ, വിധവയായ സഹോദരീപുത്രൻ, ഭാര്യ കസ്തൂർബാ, എന്നിവരോടൊപ്പം 1897 ഡിസംബർ ആദ്യവാരം ഗാന്ധി ഡർബനിലേയ്ക്ക് യാത്രയായി. തിരിച്ചെത്തിയ‍ അദ്ദേഹത്തെ വെള്ളക്കാരായ ഒരു കൂട്ടം ആളുകൾ ആക്രമിച്ച് പരിക്കേല്പിച്ചു. എന്നാൽ അദ്ദേഹം അവർക്കെതിരായി വ്യവഹാരം നടത്താൻ ഇഷ്ടപ്പെട്ടില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തിപരമായ പീഡനങ്ങൾക്ക് കോടതിയിൽ പകരം ചോദിക്കുന്നത് തനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് അദ്ദേഹത്തിന്റെ വ്യക്തിമാഹാത്മ്യം കാണിക്കുന്ന അദ്യത്തെ സംഭവങ്ങളിൽ ഒന്നാണ്. നറ്റാൾ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട നിഷ്ഠൂരമായ കരടുബില്ലുകൾക്കെതിരായി അദ്ദേഹം നിരവധി പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു. കോളോണിയൽ സെക്രട്ടറിക്ക് നിവേദനവും നൽ‌കി. ഇതിനിടക്ക് ബോവർ യുദ്ധത്തിൽ ഒരു സന്നദ്ധസേവകനായും അദ്ദേഹം പങ്കെടുത്തു. ഇന്ത്യൻ ആംബുലൻസ് കോർപ്സ് എന്ന സംഘടനയിൽ യുദ്ധ സമയത്ത് രോഗികളെ ശുശ്രൂഷിക്കാൻ ചേർന്നതിന് പിന്നീട് അദ്ദേഹത്തെ ആദരിച്ചു.
ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ കൂടി പിറന്നു. രാംദാസ് ഗാന്ധിയും (1897) ദേവ്ദാസ് ഗാന്ധിയും(1900). 1901 ഡിസംബറിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. കൊൽക്കത്തയിലെ ദേശീയ കോൺഗ്രസ്സിൽ പങ്കെടുക്കുകയായിരുന്നു ലക്‌ഷ്യം. 1901 ഡിസംബർ 27 ന് ഡി.എ. വാച്ചയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ്സിൽ അദ്ദേഹം ദക്ഷിണാഫ്രിക്കൻ ഇന്ത്യാക്കാരുടെ അവശതകളെക്കുറിച്ച് പ്രമേയം അവതരിപ്പിച്ചു. തുടർന്ന് കുറച്ചുകാലം ഗോഖലെയുടെ അതിഥിയായി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി.

സംഭവബഹുലമായ ആ ജീവിതം ഓരോ കുഞ്ഞുഭാരതീയനും കാണാപാഠമായതിനാല്‍
കൂടുതല്‍ വിവരിച്ച്‌ കുളമാക്കാതെ നിര്‍ത്തുന്നു നിങ്ങളുടെ സ്വന്തം പാവം പാവം
പ്രവാസി..